Opening Hours 24/7. 7 days a week

ഡോ സതീഷ് ബാലകൃഷ്ണൻ

MBBS , MD, DM ( Gastroenterology)

Consultant – Gastroenterology

ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കണ്ണൂർ

ലോക ഹെപ്പറ്റൈറ്റിസ് ദിനം

ലോകത്ത് ഓരോ മിനുട്ടിലും രണ്ടു പേര് വൈറല് ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് കണക്ക്. ആരോഗ്യ പ്രതിരോധപ്രവര്ത്തനങ്ങള്, പരിശോധന, ചികിത്സാ സേവനങ്ങള് എന്നിവ വ്യാപകമാക്കി ഹെപ്പറ്റൈറ്റിസ് സംബന്ധമായ എല്ലാ മരണങ്ങളും തടയുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമാക്കുന്നത്. 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കുകയാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്.

ഗുരുതരമായ ലിവര് ഫെയ്ലിയറിലേക്കും കരള് കാന്സറിലേക്കും നയിക്കുന്ന കരളിന്റെ വീക്കം ഉണ്ടാക്കുന്ന വൈറല് ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം വളര്ത്തുന്നതിനായാണ് എല്ലാ വര്ഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില് ഹെപ്പറ്റൈറ്റിസ് പരിചരണം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള് വഴി സമൂഹത്തിലേക്ക് കൂടുതല് വ്യാപിപ്പിക്കാനാണ് സംഘടന ഊന്നല് നല്കുന്നത്.

സാധാരണയായി ഒരു വൈറല് അണുബാധ മൂലമുണ്ടാകുന്ന കരളിന്റെ വീക്കമാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. ഈ അഞ്ച് തരവും മാരകവും പകര്ച്ചവ്യാധി പടര്ത്താന് സാധ്യതയുള്ളതുമായ രോഗങ്ങളാണ് എന്നതാണ് ആരോഗ്യപ്രവര്ത്തകരില് ആശങ്ക പടര്ത്തുന്നത്.

ഹെപ്പറ്റൈറ്റിസ് ആരെയും ബാധിക്കാവുന്ന രോഗമാണ്. ഹെപ്പറ്റൈറ്റിസ് എ രോഗത്തിന് വാക്സിന് ലഭ്യമാണ്. രോഗം ബാധിച്ച മിക്ക ആളുകളും പൂര്ണ്ണമായി സുഖം പ്രാപിക്കുന്ന രോഗമാണിത്. എച്ച്എവി (ഹെപ്പറ്റൈറ്റിസ് എ വൈറസ്) മൂലമുണ്ടാകുന്ന കരളിന്റെ വീക്കമാണ് ഹെപ്പറ്റൈറ്റിസ് എ. അണുബാധയില്ലാത്ത അഥവാ വാക്സിനേഷന് എടുക്കാത്ത ഒരാള് രോഗബാധിതനായ വ്യക്തിയുടെ മലം കലര്ന്ന ഭക്ഷണമോ വെള്ളമോ കഴിക്കുമ്പോഴാണ് വൈറസ് പ്രാഥമികമായി പടരുന്നത്. സുരക്ഷിതമല്ലാത്ത വെള്ളം, ഭക്ഷണം, ശുചിത്വമില്ലായ്മ, തുടങ്ങിയ സാഹചര്യങ്ങളില് നിന്നാണ് ഈ രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയില് നിന്ന് വ്യത്യസ്തമായി, ഹെപ്പറ്റൈറ്റിസ് എ ഗുരുതരമായ കരള് രോഗത്തിന് കാരണമാകാറില്ല. അപൂര്വ്വമായി മാത്രമേ ഫുള്മിനന്റ് ഹെപ്പറ്റൈറ്റിസ് (അക്യൂട്ട് ലിവര് ഫെയ്ലിയര്) സംഭവിക്കുകയും മരണത്തില് കലാശിക്കുകയും ചെയ്യാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016-ല് 7,134 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിച്ചത്. വൈറല് ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണനിരക്കിന്റെ 0.5% മാത്രമാണിത്.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങളില് പനി, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, വയറിളക്കം, ഛര്ദ്ദി, വയറിന് അസ്വസ്ഥത, ഇരുണ്ട നിറത്തിലുള്ള മൂത്രം, മഞ്ഞപ്പിത്തം (കണ്ണുകളുടെയും ചര്മ്മത്തിന്റെയും മഞ്ഞനിറം) എന്നിവ ഉള്പ്പെടാം. എല്ലാവര്ക്കും എല്ലാ ലക്ഷണങ്ങളും ഉണ്ടാകണമെന്നുമില്ല.

ഹെപ്പറ്റൈറ്റിസ് എയ്ക്ക് പ്രത്യേകമായ ചികിത്സയില്ല. ശുചിത്വം, ഭക്ഷ്യ സുരക്ഷ, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് എയെ ചെറുക്കാന് സാധിക്കും. സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തുക, മലിനജല നിര്മാര്ജനം തുടങ്ങി വ്യക്തിപരമായും സാമൂഹ്യമായുമുള്ള ശുചിത്വപരിപാലനത്തിന് കൂടുതല് ഊന്നല് നല്കാം.

ഗുരുതരവും വിട്ടുമാറാത്ത തുമായ അണുബാധ ലിവര് സിറോസിസ്, കരള് അര്ബുദം എന്നിവയിലേക്കും മരണത്തിലേക്കും രോഗികളെ എത്തിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്സിന് ലഭ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പടിഞ്ഞാറന് പസഫിക് മേഖലയില് 116 ദശലക്ഷവും ആഫ്രിക്കന് മേഖലയില് 81 ദശലക്ഷവും ആളുകള് വിട്ടുമാറാത്ത രോഗബാധിതരാണ്. കിഴക്കന് മെഡിറ്ററേനിയന് മേഖലയില് 60 ദശലക്ഷം, കിഴക്കന് ഏഷ്യ മേഖലയില് 18 ദശലക്ഷം, അമേരിക്കയില് 5 ദശലക്ഷം ആളുകള് ഹെപ്പറ്റൈറ്റിസ് ബാധിതരാണ്.

സാധാരണയായി അമ്മയില് നിന്ന് കുട്ടിയിലേക്ക് പകരുന്ന, അല്ലെങ്കില് രോഗബാധിതരായവരുടെ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗമാണിത്. സൂചികൊണ്ടുള്ള മുറിവ്, പച്ചകുത്തല്, തുളയ്ക്കല്, ഉമിനീര്, ആര്ത്തവം, യോനി, ശുക്ലസ്രവങ്ങള്, മലിനമായ സൂചികളുടെ പുനരുപയോഗം തുടങ്ങിയ അണുബാധയുള്ള രക്തം, ശരീര സ്രവങ്ങള് എന്നിവയുമായി സമ്പര്ക്കം പുലര്ത്തുന്നത് വഴിയും ഹെപ്പറ്റൈറ്റിസ് ബി പടരും. ശുചിത്വമില്ലാത്ത ആരോഗ്യകേന്ദ്രങ്ങളില് നിന്നോ മയക്കുമരുന്ന് കുത്തിവയ്ക്കുന്ന വ്യക്തികളിലോ ഒക്കെ ഇതു സംഭവിക്കാം. മിക്ക ആളുകള്ക്കും രോഗലക്ഷണങ്ങള് കാണണമെന്നില്ലെന്നതാണ് ഈ രോഗത്തിന്റെ മ്റ്റൊരു വെല്ലുവിളി. എന്നാല്, ചിലര്ക്ക് ത്വക്കിലും കണ്ണുകളിലും മഞ്ഞനിറം (മഞ്ഞപ്പിത്തം), ഇരുണ്ട മൂത്രം, കഠിനമായ ക്ഷീണം, ഛര്ദ്ദി, വയറുവേദന തുടങ്ങി ആഴ്ചകളോളം നീണ്ടുനില്ക്കുന്ന രോഗലക്ഷണങ്ങളുണ്ടാവാറുണ്ട്. ഇത്തരത്തില് ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ഉള്ള ആളുകള്ക്ക് ലിവര് ഫെയ്ലിയര് സംഭവിക്കുകയും ഇത് മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഈ രോഗം ലിവര് സിറോസിസ്, ഹെപ്പറ്റോസെല്ലുലാര് കാര്സിനോമ തുടങ്ങിയ ഗുരുതര രോഗമായി മാറാനുള്ള സാധ്യതയും കൂടുതലാണ്.

ഹെപ്പറ്റൈറ്റിസ് ബി അണുബാധയ്ക്ക് ഓറല് ആന്റിവൈറല് ഏജന്റുകള് ഉള്പ്പെടെയുള്ള മരുന്നുകള് ഉപയോഗിച്ച് ചികിത്സിക്കാം. ഇതിലൂടെ സിറോസിസ് രോഗാവസ്ഥ ശക്തിപ്രാപിക്കുന്നത് മന്ദഗതിയിലാക്കാനും കരള് അര്ബുദ സാധ്യത കുറയ്ക്കാനും സാധിക്കും.

ഹെപ്പറ്റൈറ്റിസ് സി വൈറസ് പടര്ത്തുന്ന അതിഗുരുതരമായ രോഗാവസ്ഥാണ്. ഇതിന് വാക്സിനേഷന് ഇതുവരെയും ലഭ്യമല്ല. രോഗം ബാധിക്കുന്നവരില് 70% ആളുകള്ക്കും വിട്ടുമാറാത്ത, ഗുരുതരമായ HCV അണുബാധ ഉണ്ടാകാം. ഇത്തരം രോഗികളില് 20 വര്ഷത്തിനുള്ളില് സിറോസിസ് സാധ്യത 15% മുതല് 30% വരെയാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസ് രക്തത്തിലൂടെയാണ് പകരുന്നത് നേരത്തെയുള്ള രോഗനിര്ണയം അണുബാധയുടെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള് തടയാനും വൈറസ് പകരുന്നത് തടയാനും കഴിയും.

ഹെപ്പറ്റൈറ്റിസ് ഡി വൈറസ് (HDV) മൂലമുണ്ടാകുന്ന കരളിന്റെ വീക്കം ആണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ സാന്നിധ്യത്തിലാണ് ഡി അണുബാധയുണ്ടാകുക. ഹെപ്പറ്റോസെല്ലുലാര് കാര്സിനോമയിലേക്കും ലിവര് ഫെയ്ലിയറിലേക്കും നയിക്കുന്ന ഈ രോഗമാണ് വൈറല് ഹെപ്പറ്റൈറ്റിസിന്റെ ഏറ്റവും ഗുരുതരമായ രൂപമായി കണക്കാക്കപ്പെടുന്നത്. ഇതു തടയാനുള്ള ഏകമാര്ഗ്ഗമായി ലോകാരോഗ്യസംഘടന നിര്ദ്ദേശിക്കുന്നത് ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുള്ള വാക്സിനേഷന് ആണ്.

ഹെപ്പറ്റൈറ്റിസ് ഇ വൈറസ് (HEV) മൂലമുണ്ടാകുന്ന കരളിന്റെ വീക്കം ആണ് ഹെപ്പറ്റൈറ്റിസ് ഇ. രോഗബാധിതരുടെ മലത്തിലൂടെ വൈറസ് പുറത്തുവന്ന് കുടലിലൂടെ മനുഷ്യശരീരത്തില് പ്രവേശിക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും മലിനമായ കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. രോഗശമനം സാധാരണ ഗതിയില് രണ്ട് ആഴചയ്ക്കുള്ളില് സംഭവിക്കാറുണ്ട്.

ലോകാരോഗ്യസംഘടന ലക്ഷ്യമാക്കുന്നത്:

  • ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ 90% കുറയ്ക്കുക
  • കരള് സിറോസിസ്, ക്യാന്സര് എന്നിവ സംബന്ധമായ മരണങ്ങള് 65% കുറയ്ക്കുക
  • ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരില് 90% രോഗനിര്ണയം ഉറപ്പാക്കുക
  • രോഗബാധിതരില് 80% പേര്ക്കെങ്കിലും ഉചിതമായ ചികിത്സ ലഭ്യമാക്കുക

Search Something