Opening Hours 24/7. 7 days a week

Dr. Jiljith K

MBBS, MD (General Medicine)

Sr. Consultant – General Medicine

Sreechand Speciality Hospital, Kannur

പ്രമേഹം

പരമ്പരാഗതമായ ഭക്ഷണരീതികളിൽ നിന്ന് വ്യതിചലിക്കുകയും യന്ത്രവത്കരണം മൂലം ഉദാസീനത ജീവിത രീതിയിലേക്ക് നാം മാറുകയും ചെയ്തതോടെ നമ്മുടെ നാട് ജീവിതശൈലി രോഗങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പ്രമേഹം ജീവിതശൈലി രോഗങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്താണുള്ളത്. അര നൂറ്റാണ്ട് മുമ്പ് സമ്പന്നരായ പാശ്ചാത്യരുടെ രോഗമായിരുന്ന പ്രമേഹം ഇന്ന് ഏതു സാമൂഹികാവസ്ഥയിലുള്ളവർക്കും വരാവുന്ന രോഗമായി മാറി. ലോക ജനസംഖ്യയുടെ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ള ചൈനയിലും ഇന്ത്യയിലും തന്നെയാണ് പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള തെന്ന് കൗതുകകരമായി തോന്നാം.എന്നാൽ കേരളം ഇന്ത്യയുടെ ‘പ്രമേഹ തലസ്ഥാന’ആയി മാറുകയാണെന്ന വാർത്ത ഉൾക്കിടിലത്തോടെ മാത്രമെ നമുക്ക് ഉൾക്കൊള്ളാനാവൂ.ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസ് ആയി മാറി രക്തത്തിൽ കലരുന്നു. ഇങ്ങനെ രക്തത്തിൽ കലർന്ന ഗ്ലൂക്കോസ് ശരീരകോശങ്ങളിൽ വേണ്ട രീതിയിൽ എത്തിയാൽ മാത്രമെ നമുക്ക് ഊർജ്ജം ലഭിക്കുകയുള്ളൂ. ഗ്ലൂക്കോസിന്റെ ഈ സഞ്ചാരത്തിന് ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം അത്യാവശ്യമാണ്. പാൻക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ചില കാരണങ്ങളാൽ പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അഥവാ ഉത്പാദിപ്പിച്ച ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരൂകയോ ചെയ്യുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിക്കുന്നു ഈ രോഗാവസ്ഥയാണ് പ്രമേഹം.

ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞു കൂടുമ്പോൾ ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം ലഭിക്കാതെ വരുന്നു .പ്രമേഹ രോഗങ്ങൾക്ക് തളർച്ച സംഭവിക്കുന്നത് ഇതുകൊണ്ടാണ്. രക്തത്തിൽ അധികമുള്ള ഗ്ലൂക്കോസിനെ വൃക്കകളിലൂടെ അരിച്ചു കളയൽ ശരീരം ശ്രമിക്കുമ്പോഴാണ് പ്രമേഹ രോഗികൾക്ക് കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നത്.ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ അമിതമായ ദാഹവും തോന്നുന്നു .ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം കിട്ടാതെ വരുമ്പോൾ ശരീരകോശങ്ങൾ ഊർജ്ജം കടം തുടങ്ങുന്നു.

ശരീരത്തിലെ കൊഴുപ്പു കോശങ്ങളിൽ നിന്നും പേശികളിൽ നിന്നും , പേശികളിൽ നിന്നു മൊക്കെയാണ് ഈ കടം വാങ്ങാൽ നടത്തുന്നത്. തത്ഫലമായി കൊഴുപ്പ് നഷ്ടപ്പെടുമ്പോൾ ശരീരം മെലിയുന്നു. ടൈപ്പ് 1 ടൈപ്പ് 2 ടൈപ്പ് 3 ടൈപ്പ് 4എന്നിങ്ങനെ നാലു വിധത്തിലുള്ള പ്രമേഹമുണ്ടെങ്കിലും ടൈപ്പ് 1, ടൈപ്പ് 2 എന്നിവയാണ് സാധാരണയായി കാണുന്നത്. പാൻക്രിയ സ്ഗ്രന്ഥിയിലെ ബീറ്റ കോശങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാത്തതിനാൽഇൻസുലിൻ ഉൽപാദനം മുടങ്ങുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന്റെ കാരണം. കുട്ടികളെയും ചെറുപ്പക്കാരെയും ആണ് ടൈപ്പ് 1 പ്രമേഹം പിടിപ്പെടുന്നത്.ഇതു പിടിപെട്ട രോഗികൾക്ക് ആജീവനാന്തം ഇൻസുലിൻ ഉപയോഗിക്കേണ്ടിവരും.ഇൻസുലിന്റെ പ്രവർത്തനത്തിലുണ്ടാക്കുന്ന തകരാറുമൂലമുള്ള പ്രമേഹം ടൈപ്പ് 2 വിഭാഗത്തിലാണ് പെടുന്നത്.നമ്മുടെ നാട്ടിലെ 90% പേരും ഈ പ്രമേഹത്തിൽ പെടുന്നവരാണ്. ജീവിതശൈലി മാറ്റം കൊണ്ടും ഗുളികകളുടെ ഉപയോഗം കൊണ്ടും ഇൻസുലിന്റെ പ്രയോഗം കൊണ്ടും ഇത്തരം ടൈപ്പ് രോഗികൾക്ക് രോഗം നിയന്ത്രിക്കാനാവും. പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാറുകൊണ്ടുണ്ടാക്കുന്ന ടൈപ്പ് 3 പ്രമേഹവും , ഗർഭിണികളിൽ കണ്ടുവരാറുള്ള ടൈപ്പ് 4 പ്രമേഹവും കുറവായിട്ടാണ് കണ്ടു വരുന്നത്.

അനാരോഗ്യകരമായ ഭക്ഷണരീതി,വ്യായാമ കുറവ്,ഉയർന്ന മാനസിക സമ്മർദ്ദം,മദ്യപാനം പുകവലി കൂടിയ രക്തസമ്മർദ്ദം തുടങ്ങിയ പല ഘട്ടങ്ങൾക്കൊപ്പം പ്രമേഹ സാധ്യത കൂടിയ ജനിതകഘടന കൂടി ചേരുമ്പോഴാണ് രോഗമുണ്ടാവുന്നത്. പ്രമേഹരോഗികളിൽ 80% പേരിലും ഫലപ്രദമായ ഇടപെടലുകളുണ്ടെങ്കിൽ രോഗം തടയാമെന്നു തെളിയിക്കപ്പെട്ട വസ്തുതയാണ്. രോഗകാരണങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയുന്നവ എന്നും നമുക്ക് തടയാനോ മാറ്റാനോ കഴിയാത്തവ എന്നും രണ്ടായി തരം തിരിക്കാം.ഇന്ത്യ ഉൾപ്പെട്ട ഏഷ്യൻ വംശജർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു.അതേപോലെ മാതാപിതാക്കൾക്ക് രോഗം ഉണ്ടെങ്കിൽ അവരുടെ കുട്ടികൾക്കും രോഗ സാധ്യത കൂടുതലാണ്. ജനന ഭാരം വളരെ കുറഞ്ഞ കുട്ടികൾക്കും വളരെ കൂടിയ കുട്ടികൾക്കും രോഗം വരാനുള്ള സാധ്യത മറ്റു കുട്ടികളെക്കാൾ ഏറെയാണ്. എന്നാൽ ഈ അവസ്ഥകളൊന്നും തന്നെ തടയാനോ മാറ്റാനോ പറ്റുന്നതല്ല .അമിതഭാരം ഉള്ളവർ ശാരീരിക വ്യായാമം കുറഞ്ഞവർ,അനാരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കുന്നവർ, പുകവലി മദ്യപാനശീലമുള്ളവർ എന്നിവരിൽ പ്രമേഹ സാധ്യത കൂടുതലാണെങ്കിലും യഥാസമയം രോഗനിർണയം നടത്തി രോഗത്തെ നിയന്ത്രിക്കാനും തുടക്കത്തിലുള്ള ചികിത്സയിലൂടെ അവർക്ക് സാധാരണ ജീവിതം സാധ്യമാകാനും കഴിയും.അമിത ദാഹം, വിശപ്പ് ,ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ , പ്രത്യേകിച്ചു കാരണങ്ങളില്ലാതെ ശരീരഭാരം കുറയൽ, മുറിവുകളുണങ്ങാൻ കാലതാമസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ പ്രമേഹ രോഗ പരിശോധന നടത്തണം. റാൻഡം ബ്ലഡ് ഷുഗർ(RB S) മാത്രം പരിശോധിച്ചാൽ രോഗത്തിന്റെ കൃത്യമായ വിവരം ലഭിക്കുകയില്ല. അതിനായി വെറും വയറ്റിലെ ഷുഗർ പരിശോധന(FBS)ഭക്ഷണം കഴിച്ച് ഒന്നര രണ്ടു മണിക്കൂർ കഴിഞ്ഞുള്ള പരിശോധന(PPBS) കഴിഞ്ഞ മൂന്നുമാസത്തെ ബ്ലഡ് ഷുഗറിന്റെ ശരാശരി കണകാക്കുന്ന പരിശോധന (HbAlC)എന്നിവ നടത്തിയാൽ രോഗം കണ്ടുപിടിക്കാൻ കഴിയും.ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ ഷുഗർ126 mg/dl ൽ കൂടുതലും ഭക്ഷണശേഷം ഇത് 200 mg/dl ൽ കൂടുതലും HbAlC 6.5 ശതമാനത്തിൽ കൂടുതലും , ലക്ഷണങ്ങൾ ഉള്ളവരിൽ RBS 200mg/dl ൽ കൂടുതലും ഉണ്ടെങ്കിൽ പ്രമേഹരോഗമുണ്ടെന്ന് സ്ഥിരീകരിക്കാം. പ്രമേഹരോഗം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന വില്ലൻ ഭക്ഷണം തന്നെയാണ്. കാഴ്ചയിലെ ഭംഗിയിലോ,വിലയിലോ, രു ചിയില്ലോ , മണത്തിലോ ഒന്നുമല്ല ഭക്ഷണത്തിന്റെ ഗുണനിലവാരം ഉള്ളത്. കലോറി കുറഞ്ഞ , സംസ്കരിച്ച അന്നജങ്ങളും , പച്ചക്കറികളും ഫലവർഗങ്ങളും, നാരുള്ള പഴവർഗങ്ങളും ഉൾപ്പെട്ട ഭക്ഷണമാണ് ഉത്തമമായത്. മത്സ്യം , പാൽ എന്നിവയും നല്ലതാണ്.അതേസമയം ചുവപ്പു മാംസവും ഉപ്പു കുറയ്ക്കേണ്ടതാണ്.എന്തു കഴിക്കുന്നു എന്നതല്ല, എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം.ശരീരഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും ആവശ്യമായ ഭക്ഷണം മാത്രം കഴിച്ച് എല്ലാ മാസവും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് കൂടുന്നില്ലെന്ന് ഉറപ്പുവരുത്തിയാൽ പ്രമേഹവും നമുക്ക് കീഴ്പ്പെടും. ഉറച്ച തീരുമാനവും കഠിന പ്രയത്നവും ഉണ്ടെങ്കിൽ മധുര രോഗം എന്നറിയപ്പെടുന്ന ഈ രോഗത്തെ അകറ്റി നിർത്തി, നമുക്ക് നമ്മുടെ ജീവിതം മധുരമാക്കാം.

Search Something